മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോന്‍

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോള്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീര്‍ ത്തടാകമായ്
മാങ്കനി പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാന്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ് തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെ പൂകി
വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവന്‍ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ

വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

No comments:

Post a Comment